Wednesday, May 8, 2013

എന്റെ കുള്ളൻ മരങ്ങൾ



എന്റെ കുള്ളന്‍ മരങ്ങള്‍


നോക്കാനാളില്ലാതെ വെട്ടിയൊതുക്കാതെ
എന്റെ കുള്ളന്‍ മരങ്ങള്‍ 
വളര്‍ന്നു വലുതായിരിക്കുന്നു
ചട്ടി പിളര്‍ന്ന് വേരുകള്‍ 
തറയിലേയ്ക്ക് താഴ്ന്നിറങ്ങിത്തുടങ്ങി
സ്വാതന്ത്ര്യത്തിന്റെ പുതിയ ചില്ലകള്‍
വായുവില്‍ തലയാട്ടി നിന്നു
ഞാനെന്തിനീ ചുവരുകള്‍ക്കുള്ളില്‍
ഇനിയും അവയെ തളച്ചിടണം?
ഇരുട്ടുമുറിയിലെ ശ്വാസം മുട്ടലില്‍ നിന്ന്
ഞാനവര്‍ക്ക്  മോചനം നല്‍കി
പാവം എന്റെ ബോണ്‍സായ് കുട്ടികള്‍






Sunday, May 5, 2013

കായലരികത്ത് വലയെറിഞ്ഞപ്പോ............!



കായലരികത്ത് വലയെറിഞ്ഞപ്പോ............!

പണ്ട് .. പണ്ട്.. എന്നുവച്ചാല്‍ കുറേവര്‍ഷം മുന്‍പ് ...

ഓഹ്. ഈ പണ്ട് പണ്ട് പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓര്‍മ്മ വന്നേ. ഈ പണ്ട് പണ്ട് എന്ന് പറയുന്നത് ചിലര്‍ക്ക് കേള്‍ക്കുന്നതേ അലര്‍ജിയാ പ്രത്യേകിച്ചും എന്റെ മോള്‍ക്ക്. അവള്‍ കുഞ്ഞായിരുന്നപ്പോള്‍ കഥ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടം ആയിരുന്നു അങ്ങിനെ ഇഷ്ടം കൂടി രാത്രി അച്ചമ്മേടെ അടുക്കല്‍ പോകും കഥകേള്‍ക്കാന്‍. അച്ചമ്മ കഥ പറഞ്ഞ് തുടങ്ങും... പണ്ട്..പണ്ട് കാട്ടില്‍ ഒരു ചെന്നായും ഒരു കുറുക്കനും ഉണ്ടായിരുന്നു.....  കഥ കാല്‍ ഭാഗം ആകുമ്പോള്‍ അച്ചമ്മ ഉറക്കം പിടിച്ച് തുടങ്ങും... കഥ ഒഴുകിയൊഴുകി ഒടുവില്‍ ഐസില്‍ സൈക്കിള്‍ തെന്നുമ്പോലെ ഒരു പോക്കാണ്. അന്നേരം മോള്‍ കുലുക്കി വിളിക്കും.  അച്ചമ്മോ.. എന്നിട്ട് കുറുക്കനെന്ത് പറ്റീന്ന് പറ.. അച്ചമ്മ വീണ്ടും ഉഷാറാകും.. അങ്ങിനെ കുറുക്കന്‍ വിശന്ന് തളര്‍ന്ന്...  വീണ്ടും അച്ചമ്മയുടെ കഥ  വലിഞ്ഞ ഓഡിയോ ടേപ്പ് മാതിരിയാകുമ്പോള്‍ മോള്‍ വീണ്ടുംകുലുക്കി വിളിക്കും..... ഒടുവില്‍ മടുത്ത് അച്ചമ്മയെ ഒരു തള്ളും കൊടുത്ത് ചാടിത്തുള്ളി പോയി കിടക്കും.. അതിനുശേഷം ഈ പണ്ട് പണ്ട് അല്ലെങ്കില്‍ ചെന്നായും കുറുക്കനും എന്നൊക്കെ കേള്‍ക്കുമ്പോളെ അവള്‍ക്ക് കലിയാണ്.....

അപ്പോള്‍ പറഞ്ഞ് വന്നത്  പണ്ട് പണ്ട് എന്നു വച്ചാല്‍ കുറേ വര്‍ഷം മുന്നേ ആദ്യപ്രണയം കരിഞ്ഞുണങ്ങി നിന്നപ്പോള്‍ പിന്നെത്തെ പ്രണയിനി ഒഴിച്ച വെള്ളത്തിലതങ്ങനെ തിളിര്‍ത്ത് വരാന്‍ തുടങ്ങിയ കാലം “കായലരികത്ത് വലയെറിഞ്ഞപ്പോള്‍ ......” ഈരടികള്‍ മനസ്സില്‍ വരച്ച ഒരു ചിത്രം ഉണ്ടായിരുന്നു, നാണത്താല്‍ മൂടി മണ്ണും ചാരിനില്‍ക്കുന്ന ഷീലാമ്മയുടെ അടുക്കല്‍ തൊട്ടടുത്ത തെങ്ങോലയെ പിടിച്ചുലച്ച് സുന്ദരനായകന്‍ പ്രേം നസീര്‍ പ്രണയാതുരനായി പാടുന്ന ചിത്രം... അങ്ങിനെയിരിക്കെ അടുത്ത വീട്ടിലെ ടി വി യില്‍  പാട്ടു പെട്ടി ... സുരേഷിന്റെ വശ്യസുന്ദരശബ്ദത്തില്‍ പറയുന്നു, ഇനിയൊരു പ്രണയഗാനമാകട്ടെ പാട്ടുപെട്ടിയില്‍ അടുത്തത്... ഞാനോടി ടി വി വച്ചു...ശ്ശൊ... സകല മൂഡും കളഞ്ഞു ആ സീന്‍ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ വരച്ച ചിത്രം വലിച്ചൊരേറു കൊടുത്തു.. ഹും ഭഗവതി വിലാസം ഹോട്ടലിന്റെ ഉള്ളിലിരുന്നൊരാള്‍ വല ശരിയാക്കുന്നു...സുരേഷിനെ മനസ്സു കൊണ്ട് ശപിച്ചു... പ്രണയം പോലും പ്രണയം..

ഇപ്പോഴെന്താ ഈ കഥയോര്‍ക്കാന്‍?... അന്നുണക്കി തട്ടിന്‍ മുകളില്‍ വച്ചതാ ആ വല!! കഴിഞ്ഞ ദിവസം എന്റെ ഒരു കൂട്ടുകാരി ചോദിച്ചു എന്ത മാഷേ വലയെറിയാന്‍ പോണില്ലേന്ന്!!  അന്നേരമാണ് ഞാന്‍ വീണ്ടും ആ ഉണക്കിപ്പൊതിഞ്ഞു തട്ടിന്‍ പുറത്തിട്ട വലയെക്കുറിച്ചോര്‍ത്തത്. വേഗം പോയി അത് നിവര്‍ത്തിത്തോളിലിട്ട് വീശാനിറങ്ങി. മനസ്സു നിറയെ പെടയ്ക്കണ മീനുകളായിരുന്നു. നെത്തോലി മുതല്‍ ചൂര വരെ ഉള്ളിന്റെയുള്ളില്‍ പെടച്ച് ചാടിക്കളിച്ചു... മൂന്നു ഭാഗത്തും കടലാണ് ഈ വലയൊന്നെവിടെ വീശും?  കടലിലാണെങ്കില്‍ ശ്രാവുകളും തിമിങ്ങലങ്ങളും മദിച്ചു നടക്കുന്നുമുണ്ട്..  പിരാ‍നകളെ എനിക്ക് പേടിയാണ് കമ്പി വല പോലും ഒറ്റക്കടിയ്ക്ക് പതിനാറ് കഷ്ണമാക്കുന്ന പിരാനകള്‍ പക്ഷേ കടലില്‍ പിരാനകളുണ്ടാവില്ലെന്ന് ആശ്വാസത്തില്‍ വലവീശാനായി നില്‍ക്കുമ്പോഴുണ്ട്  അടുത്ത കൂട്ടുകാരി ഉപദേശവുമായി വരുന്നു,  കൊമ്പന്‍ സ്രാവും   തിമിംഗലമുണ്ട് മോനെ ദിനേശാ വലേം ഒപ്പം നിന്നെം കൊണ്ട് പോകാതെ നോക്കിക്കോന്ന്.. സത്യനെം കൊണ്ട് പറക്കുന്ന കൊമ്പന്‍ ശ്രാ‍വിന്റെ ചിത്രം മനസ്സിലോടി വന്നു.. ഹോ ... വീശണോ വേണ്ടായോന്ന് ഒരു നിമിഷമോര്‍ത്തു..    ആ പെടയ്ക്കണ പൂമീനുകളെപ്പോലെ എന്റെ ചങ്ക് പടപടാന്നിടിച്ചെങ്കിലും  വച്ചകാല്‍ വള്ളത്തീന്നെടുത്തില്ല.. ഞാന്‍ ഉള്ളിലേയ്ക്ക് തുഴഞ്ഞു.. തിരക്കുഴിയും കടന്ന് കടലിന്റെ മാറിലേയ്ക്ക്.. സ്വസ്ഥമായി വലയെറിയാനൊരിടം നോക്കി പതിയെ വലയെറിഞ്ഞു....

കനത്തിലേതാണ്ട് തടഞ്ഞപ്പോള്‍ വല ഞാന്‍ വലിച്ചെടുത്തു.... ഹോ  ഒറ്റ മീനേ കുടുങ്ങിയുള്ളു  എന്താ ഭംഗി ഡോള്‍ഫിന്റെ പോലെ ചുണ്ടുള്ള ഒരു സുന്ദരി മത്സ്യം വലിച്ചെടുത്ത് കരയ്ക്കിട്ടു,  വള്ളത്തില്‍ വീണ പാടേ അത് കൈ രണ്ടും കൊണ്ട് മാറത്ത് പൊത്തിപ്പിടിച്ചു. അയ്യേ... മത്സ്യമല്ല അതൊരു പെണ്ണായിരുന്നല്ലോ ഉടല്‍ മനുഷ്യന്റേം വാല്‍ മത്സ്യത്തിന്റേം.  ഇതാണല്ലേ മത്സ്യകന്യക?  കന്യകേ.. ഞാന്‍ വിളിച്ചു  മത്സ്യം പറഞ്ഞു.. ഞാന്‍ കന്യകയും വനിതയും ഒന്നും അല്ല.  എന്റെ പേര് സുന്ദരി.  ആ തോര്‍ത്തിങ്ങോട്ട് താ മനുഷ്യാ... !! ഞാനെന്റെ തോളില്‍ കിടന്ന തോര്‍ത്തെടുത്തിട്ടുകൊടുത്തു. നാണം മറച്ച അവള്‍ രൂക്ഷമായി എന്നെ നോക്കി.. ഇയാക്കെന്തിന്റെ കേടാ എന്തിനാ എന്നെപ്പിടിച്ചിതിനകത്തിട്ടേ.. എനിക്ക് പോണം. ... എനിക്ക് പോണം.. അവള്‍ കരയാന്‍ തുടങ്ങി.. ഭഗവാനെ കരയ്ക്കെത്തിയാല്‍ പീഡനത്തിന് കേസുമാകുമല്ലോന്നൊര്‍ത്ത് ഞാനാ അഴകിനെ നോക്കി നോക്കിയിരുന്നു....

മോണിറ്ററിനു മുന്നില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലിരിക്കുന്ന എന്റെ തലയ്ക്കിട്ടാരോ കൊട്ടിയപ്പൊഴാണ് ഞാനുണര്‍ന്നത് അവളെവിടേ..... സുന്ദരീ...സുന്ദരീ.... :)

അയാള്‍ക്ക് മുഴുവട്ടാ സുനിലേ.. പാതിരായ്ക്കൊരു സുന്ദരി...ഹും..... കൂട്ടുകാരന്‍ പറയുന്നുണ്ടായിരുന്നു... ശരിയാണ് മുഴുവട്ടാ!!!!


--------------------------------------------------------------------------------------------------------
സമർപ്പണം :  1) വല പൊടിതട്ടിയെടുക്കാൻ ഓർമ്മിപ്പിച്ച കൂട്ടുകാരിയ്ക്ക്
                         2) പിരാനകളില്ലാത്തയിടം  കാട്ടിത്തന്ന കൂട്ടുകാരിയ്ക്ക്

ചിത്രം : ഗൂഗിൾ സെർച്ച് 

Saturday, April 13, 2013

ഡെസ്ഡമോണ (Desdemona)



ഡെസ്ഡമോണ,   സ്നേഹത്തിന്റെ പര്യായമായി വാനോളം പുകഴ്ത്തപ്പെട്ടവൾ.    
തന്നെക്കാൾ അധികം ഭർത്താവിനെ സ്നേഹിച്ച ,സ്നേഹമയിയായ ഭാര്യയെ  സംശയത്തിന്റെ പേരിൽ,  കഴുത്ത് ഞെരിച്ച് കൊന്നവൻ ഒഥല്ലോ. ഡെസ്ഡമൊണയുടെ സൌന്ദര്യം കണ്ട്  ആ വെനീഷ്യൻ സുന്ദരിയുടെ ഗുണഗണങ്ങൾ വാഴ്ത്തിയത് വായിച്ച് വായിച്ച് ഒരു ഉച്ചനേരം..... ആരോ എന്റെ മടിയിലിരുന്ന പുസ്തകം പതിയെ എടുത്ത് മടക്കി വച്ചു.  

“Cosa ne pensi di mia moglie?”  

കൊളോണിന്റെ ഒരുതരം മത്ത് പിടിപ്പിക്കുന്ന മണത്തോടൊപ്പം മുഴങ്ങിയ ആ ശബ്ദം കേട്ടൊന്ന് 
ഞെട്ടി.  പടച്ചട്ടയണിഞ്ഞ ഒരു ദീർഘകായൻ എന്റെ മുന്നിൽ ആ പുസ്തകവും പിടിച്ച് നിൽക്കുന്നു.

നിങ്ങൾക്കെന്താ വേണ്ടേ? എന്താ നിങ്ങൾ ചോദിച്ചത്?  

ഓഹ്.. പുവർ ഇന്ത്യൻ..  മ്.. എന്റെ ഭാര്യയെക്കുറിച്ച് നീ എന്താണ് കരുതുന്നത് എന്ന്.. 

ഹോ അതാണോ...  അവർ സുന്ദരിയായിരുന്നു. ഭർത്താവിനെ തന്റെ അച്ഛനേക്കാൾ, തന്നേക്കാളൊക്കെ സ്നേഹിച്ചിരുന്നു....സ്നേഹമയിയായ ഭാര്യ .. എന്നിട്ടും ദുഷ്ടനായ താൻ എന്തിനാ പാവം അവരെ ഞെക്കിക്കൊന്നേ ദുഷ്ടാ.. 

Ti sbagli caro!  നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. സ്നേഹം.. മണ്ണാങ്കട്ട.. നിങ്ങൾക്കെന്നല്ല ഈ ഭൂമുഖത്ത് ഒരാൾക്കും അറിയില്ല ഡെസ്ഡമോണയെ.  നിങ്ങൾ വായിച്ച വരികൾ മാത്രമേ നിങ്ങൾക്കറിയൂ.. പക്ഷേ ഡെസ്ഡമോണ ഇതൊന്നുമായിരുന്നില്ല....!. നിങ്ങളെന്താ കരുതിയത്.  വെറുമൊരു തൂവാല അവിടെ കണ്ടതിനാൽ തെറ്റിദ്ധരിച്ച് ഞാൻ അവളെ ഞെക്കിക്കൊന്നു എന്നോ?  അതാണ് ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന്..!  നിങ്ങൾക്കറിയണോ സത്യം?.  ഞാൻ പറയാം....!

ഞാനൊന്ന് നിവർന്നിരുന്നു.  ആജാനുബാഹുവായ അയാൾ പറയുന്നത് കേട്ടിരുന്നില്ലെങ്കിൽ എന്റെ കഥ അയാൾ കഴിക്കും...

ങും പറയൂ.. ഞാൻ കേൾക്കാം !

ഞാൻ ഡെസ്ഡമോണയെ കണ്ടതും ഞങ്ങൾ വിവാഹിതരായതും നിങ്ങൾ വായിച്ചില്ലെ അത് ശരിതന്നെ.  ഞങ്ങൾ പരസ്പരം സ്നേഹിച്ചു ജീവിക്കാനൊരുങ്ങുമ്പോഴാണ് തുർക്കികളുടെ ആക്രമണം നേരിടാൻ എനിക്ക്  പ്രഭുവിന്റെ ആവശ്യപ്രകാരം   സൈപ്രസിലേയ്ക്ക് തിരിക്കേണ്ടി വന്നത്.  അതോടെ എന്റെ കഷ്ടകാലവും തുടങ്ങി.  ഇയാഗോ എന്റെ കീഴ് ജീവനക്കാ‍രനാണ് വിശ്വസ്ഥനും, അയാൾ എന്തിന് എനിക്കെതിരാകണം?  നിങ്ങളെ ആ വരികളിൽ തെറ്റിച്ചു.  ഇയാഗോ ആ തൂവാല കാഷ്യോയുടെ വീടിനുള്ളിൽ ഇട്ടു എന്ന്  കഥാകാരൻ നിങ്ങളെ പഠിപ്പിച്ചു..  പക്ഷേ നടന്നത് അതല്ലായിരുന്നു.  നിങ്ങൾ വിശ്വസിക്കുമോ സുഹൃത്തേ? ...

ഞാനെന്തു പറയാൻ.....  നിങ്ങൾ അനുഭവസ്ഥനല്ലേ പറയൂ.. ഞാൻ നിങ്ങളെ വിശ്വസിക്കാം..!!
ഒഥല്ലോ പറയാൻ തുടങ്ങി,  ആ നീലക്കണ്ണുകളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കം.


യുദ്ധത്തിന്റെ ഇടവേളയിലൊരുനാൾ ഞാൻ പെട്ടെന്ന് വീട്ടിലേയ്ക്ക് മടങ്ങി. ഡെസ്ഡമോണയുടെ സൌന്ദര്യത്തിൽ മത്ത് പിടിച്ചിരുന്ന എന്റെ മനസ്സ് അവിടേയ്ക്ക് പായുകയായിരുന്നു. അല്ലെങ്കിൽ എന്തോ ഒരു ശക്തി ഒരു പക്ഷേ എന്നെ അവിടേയ്ക്കെടുത്തെറിഞ്ഞതായിരിക്കുമോ? നിലാവിനും നിഴലിനുമിടയിലൂടെ ഞാൻ അവിടെയെത്തി. കതകിൽ മുട്ടി വിളിച്ചു. 

ഡെസ്ഡമൺ.... ഡെസ്ഡമൺ... കുറേ നേരം അനക്കമില്ലായിരുന്നു. 

വാതിലിനു മുന്നിൽ.  വീണ്ടും ഞാനാ കതകിലേയ്ക്ക് മുട്ടാനാഞ്ഞതും അത് മെല്ലെ തുറന്നു. അഴിഞ്ഞുലഞ്ഞ മുടിയുമായി ഡെസ്ഡമോണ വാതിൽ തുറന്നു.  എന്റെ ഡെസ്ഡമോണയെ വാരിപ്പുണരാൻ  ഞാൻ മുന്നോട്ടായവേ ഒരു നിഴലാട്ടം ഉള്ളിൽ കണ്ടു.. ഞാൻ അകത്തേയ്ക്ക് പാളിനോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണു തിരുമി ഞാൻ വീണ്ടും നോക്കി.........ഉള്ളിൽ ഞാൻ കണ്ടത് കാഷ്യോയെ ആയിരുന്നു. കൈകളിൽ ആ തൂവാല..... ഞാൻ എന്റെ പ്രിയതമയ്ക്ക് എന്റെ ഹൃദയത്തിനു പകരം സൂക്ഷിക്കാനേൽ‌പ്പിച്ച അതേ തൂവാല....... !!  ഡെസ്ഡമൺ നിർവ്വികാരയായി നിന്നു.  കാഷ്യോയും..ഒടുവിൽ തല താഴ്ത്തി അവൻ മുറിവിട്ടിറങ്ങി. ഒറ്റ വെട്ടിനവന്റെ തലയറുക്കാൻ ഞാൻ വാൾപ്പിടിയിൽ കൈവച്ചു. പക്ഷേ ഡെസ്ഡമോണ എന്റെ കൈകളിൽ ശക്തമായി പിടിച്ചു.. വേണ്ട എന്ന് തലയാട്ടി... കാഷ്യോ മുറിവിട്ട് പോയിരുന്നു... 

തകർന്നത് എന്റെ ഹൃദയം മാത്രമായിരുന്നില്ല സുഹൃത്തേ, നിങ്ങൾ വനോളം ഉയർത്തിയ ഡെസ്ഡമോണയുടെ ഭർത്തൃസ്നേഹത്തിന്റെ കൊടുമുടിയായിരുന്നു.  ഒരു നിമിഷം ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു.....!  അഴിഞ്ഞുലഞ്ഞ മുടിയും ആലസ്യം നിറഞ്ഞ കണ്ണുകളുമായി  അതേ നിർവികാരതയോടെ ഡെസ്ഡമോണ എന്നെ നോക്കി.  ഞാൻ ഉള്ളിലേയ്ക്ക് കയറി കതകടച്ചു.  ഡെസ്ഡമോണ കട്ടിലിൽ ഇരുന്നു...  ആ സൌന്ദര്യം എന്നെ വീണ്ടും മത്ത് പിടിപ്പിച്ചിരുന്നു. പക്ഷേ അടുത്ത നിമിഷം അൽ‌പ്പം മുൻപ് ഞാൻ കണ്ട രംഗം എന്റെ സിരകളെ വലിഞ്ഞ് മുറുക്കി..  ഞാൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു. എന്നിട്ടലറി, 

എന്തിനായിരുന്നു ഡെസ്ഡമൺ... നീയിതെന്നോടെന്തിനു ചെയ്തു!?.  

അവൾ ശബ്ദം പുറത്തേയ്ക്കെടുക്കാൻ പരിശ്രമിച്ചു...  ഒന്നും കേൾക്കാൻ, ന്യായീകരണങ്ങൾക്കായി കാതോർക്കാൻ എനിക്ക് മനസ്സിലായിരുന്നു. ഇനി ഒരു നൂറു കള്ളങ്ങൾ കൊണ്ട് ആ സത്യത്തെ മറയ്ക്കുന്നത് കേൾക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.  ഒടുവിൽ കൈ ഒന്നയഞ്ഞപ്പോൾ അവൾ പറയുന്നുണ്ടായിരുന്നു.  

കാഷ്യോയെ ഞാൻ സ്നേഹിച്ചിരുന്നു... നിങ്ങളെക്കാൾ മുൻപ്.. എനിക്ക് കാഷ്യോ എല്ലാമായിരുന്നു............... 

എന്റെ കൈകൾ ശക്തമായി ആ കഴുത്തിൽ മുറുകി......


ഇനി പറയൂ,  ഒഥല്ലോ കൊലയാളിയായത് മണ്ടത്തരമായിരുന്നോ? ഇയാഗോയുടെ കള്ളക്കഥയിൽ വീഴുകയായിരുന്നോ ഈ ഒഥല്ലോ?  പറയൂ സുഹൃത്തേ പറയൂ.. ജീവനേക്കാൾ ഞാൻ സ്നേഹിച്ച എന്റെ ഡെസ്ഡമൺ  എന്നെ വഞ്ചിക്കുകയായിരുന്നില്ലേ?.....

ഒഥല്ല്ലോ ദീർഘമായി നിശ്വസിച്ചു.... നിങ്ങളെന്നല്ല ലോകം മുഴുവനും ഞാനിത് പറഞ്ഞാൽ വിശ്വസിക്കില്ല. പക്ഷേ  ഇതായിരുന്നു സത്യം...

Otello non è un vigliacco e Otello è un gran destro ... un gran destro ....!  ഒഥല്ലോ ഭീരുവല്ല കൂട്ടുകാരാ ഒഥല്ല്ലോ ഒരു വലിയ ശരിയായിരുന്നു ഒരു വലിയ ശരി!!! 

കൊളോണിന്റെ മണം ആ മുറി വിട്ടു പോയി.. അപ്പോഴും ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.. ഒഥല്ലോ ഒരു വലിയ  ശരിയായിരുന്നു... ഒരു വലിയ ശരി....

----------------------
Pict. from Wikipedia



Sunday, March 10, 2013

സഹചാരി

















സഹചാരി
ഞാനിതൊക്കെയാണെന്ന്  പറഞ്ഞിട്ടും
എന്നെ വിട്ടുപോകാതെ നീ അടുക്കുന്നതെന്തേ?
ഇനി നിന്നെ ഞാന്‍ എന്തു പറഞ്ഞ്- പറിച്ചെറിയും?
ഇനിയൊരുവേള പറിച്ചെറിഞ്ഞെന്നാകിലും
അതൊരു ചങ്ക് പിളര്‍ക്കും നോവാവില്ലെ?
കൂടെ വരരുതെന്നു പറഞ്ഞു പലവട്ടം
 പക്ഷേ നീയെന്റെ നിഴലായി മാറി
കാണരുതെന്നു പറഞ്ഞു പലവട്ടം
പക്ഷേ നീയെന്റെ കണ്ണാടിയായി മാറി
വിളിക്കരുതെന്നു പറഞ്ഞു പലവട്ടം
പക്ഷേ നീയെന്റെ നാദമായി മാറി
അങ്ങിനെ ഊന്നുവടിയായും, മിന്നാമിന്നിയായും
നീയെന്നിലലിയാന്‍ ശ്രമിക്കുന്നതെന്തേ?
ഇനി എന്തു പറഞ്ഞ് ഞാന്‍ നിന്നെ പറിച്ചെറിയും

Monday, March 4, 2013

ആലിംഗനം



ആലിംഗനം

അവന്‍ ചിലപ്പോള്‍ ഒച്ചിഴയുന്ന ശാന്തതയില്‍
ചിലപ്പോള്‍ വെടിയുണ്ടയുടെ വേഗതയില്‍
രണ്ടായാലും ഒരിക്കലവന്‍ എന്നിലേയ്ക്കെത്താതിരിക്കില്ല
ഒരാലിംഗനത്തിന്റെ  മടുപ്പിക്കുന്ന സുഖത്തോടെ
അവനിലേയ്ക്കലിയാന്‍ ഇനിയെത്രനാള്‍ ?
കാത്തിരിപ്പിന് ശാപമോക്ഷം നല്‍കി
പ്രസരിപ്പോടെ അവനെത്തിയെങ്കില്‍ 
ഓരോ പ്രഭാതവും ആകാംക്ഷയോടെ കാത്തിരിപ്പ് തുടങ്ങും
പ്രദോഷമാകുമ്പോള്‍ അവനെക്കാണാതെ മടങ്ങും
രാത്രികളില്‍ ഒരു കള്ളനെപ്പോലെ അവന്‍ വരുമെന്ന് കരുതും
പക്ഷേ വീണ്ടും പ്രഭാതത്തില്‍ നിരാശയോടെ എണീക്കും.
ഈ കാത്തിരിപ്പിന്റെ മടുപ്പിക്കുന്ന മൌനത്തിലേയ്ക്ക്
നിനക്കെന്നേ സ്വാഗതവുമായ് ഞാന്‍ കാത്തിരിക്കുന്നൂ
ഇനിയും വൈകുവതെന്തേ നീ ...... ഇനിയും വൈകുവതെന്തേ?

Saturday, March 2, 2013

വരണമാല്യം

വരണമാല്യം

കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂ‍ക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ
ആ ദലങ്ങളിൽ പറ്റിയ മൺ തരികൾ കുടഞ്ഞ്
വീണ്ടും  മോഹനാരിനാൽ നീ കോർത്തെടുക്കൂ
വരണമാല്യമായ് ചൂടുവാനായില്ലെങ്കിലുമവ
പട്ടടയിൽ എൻ യാത്രയ്ക്ക് കൂട്ടായിരിക്കട്ടെ
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂ‍ക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ


അവസാന വാക്കുകൾ കൊണ്ടെങ്കിലും
നിനക്കാകട്ടെയാ രക്തഹാരം പൂർത്തിയാക്കുവാൻ
കാലമേറെയായ് ഒരോ പൂവിതളും കൂട്ടി വയ്പ്പു ഞാൻ
വാടാതെ നിറം മങ്ങാത്തൊരോർമ്മയായ്
സ്നേഹത്തിൻ മഞ്ഞു തുള്ളി പനിനീരായ് തളിച്ച്
കാലത്തിൻ ചൂടിനാൽ കരിവാളിക്കാതെ കാത്തു ഞാൻ
കൊഴിഞ്ഞ് വീഴുന്നൊരെൻ മൊഴിപ്പൂ‍ക്കൾ
പെറുക്കിയെടുത്തു നീ മാലകോർക്കൂ

------>OoO<------

Picture Curtsey:  (C)Dolls of India.com

 




Thursday, February 28, 2013

ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്



ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്

ചക്രവാളസീമയിലെ സാന്ത്വനരേഖയായ്
പകലിരവുകളിൽ ഒരു നനുത്തകാറ്റായ്
നിൻ സുഖദസാമീപ്യമെന്നിൽ നിറയുന്നുവോ സഖീ
മധുരവാണിതന്നലകളുണർത്തി നീ വീണ്ടുമെത്തിയോ.
ദാവണിപ്പുടവതൻ ഞൊറികളായ് പിന്നെ
കിലുകിലുങ്ങുന്ന കുപ്പിവളകൂട്ടമായ്
ഈറൻ മുടിത്തുമ്പിലൊളിക്കുമാ
തുളസിക്കതിരിൻ നൈർമ്മല്യമായ്
വീണ്ടുമൊരു പ്രഭാതമായ് നീയെത്തവേ
എന്നോ വീണുടഞ്ഞൊരാ തങ്കക്കിരീടത്തിൻ
തിരുശേഷിപ്പുകളെൻ ഓർമ്മതൻ മാറാപ്പിൽ
നിറം മങ്ങിയ വളപ്പൊട്ടുകളായ്
മയങ്ങിക്കിടപ്പുണ്ടാകണം....ഞാനെടുക്കട്ടേ
മാറാല മാറ്റിത്തിരുമ്മിപ്പുറത്തെടുക്കട്ടെ ഞാൻ
തിളക്കമാർന്നൊരെൻ ജന്മസുകൃതമായ്
വീണ്ടും നിനക്കണിയാൻ ഒരുക്കിവയ്ക്കട്ടെ ഞാൻ
കാ‍ലം ഉരച്ച പാടുകൾ കാണുമതിലെന്നാകിലും
ഹൃദയരക്തക്കറയ്ക്കിടയിലൊളിമങ്ങാതെ
ശോഭ മാറാതാ രജതകിരണങ്ങളിന്നും
പ്രശോഭിതമാണെന്‍ മാറാപ്പിനുള്ളില്‍ സഖീ
ഒരു യാത്രാമൊഴിയിലെന്നെ തളച്ചിട്ടു നീ
നഗരസാഗരത്തിലേയ്ക്കൂളിയിട്ടിഴുകവേ
വ്രണിതമാനസന്‍ ഞാനെങ്ങ് പോയിടാന്‍
തപിതഹൃദയ പഥികനായ് അലഞ്ഞു വീഥിയില്‍
കാത്തുനിന്നാ മരച്ചോട്ടിലേറെ നേരം വൃഥാ
കാലമേറെച്ചെന്നിട്ടുമിന്നുമാ മൊഴികളിലൊക്കെ
പരതിടുന്നു ഞാനാ വാക്കുകൾതന്നർത്ഥമറിയാനായ്
ഋതുക്കളെത്തി മാഞ്ഞുപോയെങ്കിലും
വാക്കുകൾ മുറിച്ച പാടുകള്‍ മാഞ്ഞതില്ലിന്നുമേ.
അപരിചിതരല്ലേ  നാമിന്നീവീഥിയില്‍
കണ്ണുകളുടക്കിയോ ഒരു നിമിഷാര്‍ദ്ധമെങ്കിലും
തിരിഞ്ഞ് നോക്കാതെ നടന്നീടുക തോഴി നീ
ഇനിയുമൊരു യാത്രാമൊഴിവേണ്ട മല്‍സഖീ








Sunday, February 24, 2013

പാദരക്ഷ



നീണ്ട ഇരുപത്തിയഞ്ചുവർഷം
എന്റെ സന്തതസഹചാരിയായിരുന്നവർ
ആദ്യമാദ്യം പാകമാകാത്ത വള്ളിയിൽ
കാൽ തിരുകിക്കയറ്റാൻ ഭയന്ന്
മുറിയുടെ ഒരു കോണിലേയ്ക്ക് എടുത്തിട്ടു
അവയുടെ ദൈന്യമായ നോട്ടം
പലപ്പോഴും എന്റെ ചങ്ക് പൊളിച്ചിരുന്നു
പിന്നെപ്പിന്നെ ഞാൻ ആ വള്ളികളിൽ
നിർബന്ധമായും കാലുകൾ തിരുകിക്കയറ്റാൻ ശ്രമിച്ചു.
പതിയേ വേച്ച് വേച്ച് ഞാനവയെയും കൊണ്ട്
നടക്കാൻ പഠിച്ചു.......
നീണ്ട ഇരുപത്തിയഞ്ച് വർഷം

പലപ്പോഴും ആ വള്ളികൾ ശക്തമായി
എന്റെ കാൽ‌പ്പാദങ്ങളെ നോവിച്ചിരുന്നു
എങ്കിലും കല്ലിലും മുള്ളിലും എന്റെ കാലിന് രക്ഷയായ
അവയെ തള്ളിപ്പറയാൻ എനിക്കായില്ല
കുറെ നടന്ന് തേഞ്ഞപ്പോൾ ആ വള്ളികൾ എന്റെ
കാൽ‌പ്പാദങ്ങളുമായി പ്രണയത്തിലായി
പിരിയാൻ കഴിയാതവർ ഇഴുകിച്ചേർന്നു
വാറഴിച്ച് വയ്ക്കുമ്പോൾ അവയുടെ നിഴൽ
എന്റെ കാൽ‌പ്പാദങ്ങൾക്കു മുകളിൽ
വെളുത്ത പാടായി പറ്റിക്കിടന്നിരുന്നു
അഞ്ചുവിരലുകളുടെയും പിന്നെ ഉപ്പൂറ്റിയുടെയും
ചതവുകൾ അവയ്ക്ക് പുറത്ത് ചിത്രം വരച്ചിരുന്നു.
നീണ്ട ഇരുപത്തിയഞ്ച് വർഷം

നോവിച്ചിരുന്നെങ്കിലും എനിക്കവയെ
ഉപേക്ഷിക്കാൻ തോന്നിയില്ല
അവർ എന്റെ ശരീരത്തിന്റെ ഭാഗമായിത്തീർന്നിരുന്നു.
ഞെരിഞ്ഞും അമർന്നും വലിഞ്ഞുമുരഞ്ഞും
അവർ എന്റെ കൂട്ടുകാരായിമാറിയിരുന്നു
ഇനിയെന്റെ അവസാന യാത്രയിലും
എനിക്ക് കൂട്ടായി അവരുണ്ടാകണം.....
അവർ മാത്രം... അവർ മാ‍ത്രം...!

Saturday, January 12, 2013

പുറം ചൊറിച്ചിൽ .... !



“ഡോക്ടർ, എന്റെ മുതുകത്ത് ഭയങ്കര ചൊറിച്ചിൽ, ചില സമയത്ത് അത് എന്നെ ദേഷ്വ്യം പിടിപ്പിക്കുന്നു.  ജോലി ചെയ്യാനാകുന്നില്ല, ഇതൊരു രോഗമാണോ പ്രതിവിധിയുണ്ടോ?”

എന്റെ സുഹൃത്തായ ഡോക്ടർ നെ ഒരാൾ ഫോണിൽ വിളിച്ച് ചോദിച്ചത്രെ.  സരസനായ ഡോക്ടർ തിരിച്ച് ചോദിച്ചു..

 "അങ്ങ് ഒരു എഴുത്തുകാരനാണോ?  ബ്ലോഗ്, ഫേയ്സ്ബുക്ക് പേജ് എന്നിവ കൈകാര്യം ചെയ്യുന്നുണ്ടോ?  ആണെങ്കിൽ ഇതൊരു രോഗമല്ല, മറിച്ച് ഈ വിധ സെറ്റപ്പുകൾ ഒന്നുമില്ലെങ്കിൽ ഇതൊരു ത്വക് രോഗമാണ് “നൊറ്റാൾജിയ പരെസ്തെറ്റിക”.  ആൽ‌ഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ  ആം ലാക്റ്റിൻ ക്രീം പോലുള്ളവ ഉപയോഗിച്ച് ചർമ്മം ഈർപ്പമുള്ളതായി സൂക്ഷിക്കുക.  ചൊറിച്ചിലിനൊരാശ്വാസം കിട്ടും.  അതല്ല നേരത്തേ പറഞ്ഞ എഴുത്തിന്റെ അസുഖമുണ്ടെങ്കിൽ അടുപ്പമുള്ള ആരെക്കൊണ്ടെങ്കിലും “പുറം ചൊറിയിക്കുക”  ഓരോ രണ്ട് പോസ്റ്റുകൾക്കും ഇടയിലും ഇങ്ങിനെ പുറം ചൊറിയിച്ചുകൊണ്ടേയിരിക്കുക, പ്രത്യേകിച്ചും തരുണീമണികളുടെ അഴകാർന്ന നഖക്ഷതമേറ്റാൽ ആ ചർമ്മത്തിലെ ചൊറിച്ചിൽ താനേ മാറും....  ആഹാ.....ഹാ... എഴുത്തുകാരനും പിന്നെ വായനക്കാർക്കും പരമ  സുഖം!!

(Photo: Google Search - from The Telegraph page)